തിന്നുന്നതെല്ലാം മീനല്ല; ചതിക്കുന്നത് മീന്‍ വില്‍പനക്കാരോ. മൊത്തവ്യാപാരികളോ?

മീൻ പഴകിയതാണോ? അറിയേണ്ടതല്ലാം.
(Counterpoint, മനോരമ ന്യൂസ് 8 ജൂലൈ 2019)

ഇന്നലെ പാളയം മാർക്കറ്റിൽ നിന്നും അഴുകിയ പുഴുവരിച്ച മീൻ പിടിച്ചെടുത്തതിനെ തുടർന്നാണ് ഈ ചർച്ച നടന്നത്.

“ഞാൻ ഉത്തരവാദിയല്ല, ഇതു മറ്റുള്ളവരുടെ കുറ്റമാണ്” എന്ന രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും പഴി ചാരി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന വ്യാപാരികളും അധികൃതരും ഭരണകൂടവുമാണ് ഇന്നലെ ചർച്ചയിൽ കാണാൻ കഴിഞ്ഞത്.

ഞാൻ പറഞ്ഞ കാര്യങ്ങൾ:

നമ്മൾ ഒരു കടയിൽ ചെന്ന് pack ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ അതിൽ ഒരു “sell by” date ഉണ്ടാവും. പഴകിയ ഭക്ഷണം വിൽക്കപ്പെടാതിരിക്കാൻ ഈ നടപടി ഫലപ്രദമാണ്. ഒരു ഡോക്ടർ മരുന്നു കുറിക്കുമ്പോഴും ഇതേ മാനദണ്ഡം പാലിക്കുന്നു. “Expiry date August 2019 ” എന്നു കണ്ടാൽ അതിനു ശേഷം ആ മരുന്നു കഴിക്കാൻ പാടില്ലാത്തതാണെന്ന് എല്ലാവർക്കും അറിയാം, അത്തരം മരുന്നുകൾ നശിപ്പിച്ചു കളയാറാണ് പതിവ്.

ഗ്ലാസും പ്ലാസ്റ്റിക്കും വിൽക്കുന്നത് പോലെയല്ല മീൻ വിൽക്കേണ്ടത്. ഗ്ലാസ് എത്ര നാൾ കടയിൽ വിൽകാതെയിരുന്നാലും കേടു വരുന്നില്ല. മൽസ്യം ഒരു perishable commodity ആണ്, cold chain തെറ്റിയാൽ പെട്ടെന്നു കേടാവും.

അതിനാൽ, കമ്പോളത്തിലും കടകളിലും വിൽക്കുന്ന മീനിനും വേണം ഒരു എക്സ്പയറി തീയതി (expiry/sell by date). അതില്ലാത്തതിന്റെ ഫലമാണ് ഈ ചർച്ചയുടെ തുടക്കത്തിൽ കണ്ട അനാവശ്യ തർക്കം.

വിദേശ രാജ്യങ്ങളിലേക്ക് മൽസ്യം കയറ്റി അയക്കുന്നതിനു മുൻപ് അതിസൂക്ഷ്മമായ മാനദണ്ഡങ്ങൾ പാലിക്കണം എന്നുണ്ട്. അതെല്ലാവരും അംഗീകരിക്കുന്നു. എന്നാൽ ഈ വിദേശീയർ തിരസ്കരിക്കുന്ന ഉല്പന്നങ്ങൾ നമ്മുടെ കമ്പോളത്തിൽ യഥേഷ്ടം വിറ്റഴിക്കുന്നു.

പുറം രാജ്യങ്ങൾക്കു വേണ്ടാത്ത പഴകിയ, നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കുന്ന ഒരു സെക്കന്റ് ക്ലാസ് ജനതയാവരുത് നമ്മൾ. നമ്മൾ ഫസ്റ്റ് ക്ലാസാണെന്ന് നമ്മൾ തന്നെ ആദ്യം അംഗീകരിക്കണം.

മീൻ പിടിക്കുന്ന നിമിഷം മുതൽ തീൻ മേശയിലെത്തുന്നതു വരെ ഒരു നീണ്ട ശൃംഖല ഉണ്ട്, അതിനെ cold chain എന്നു വിളിക്കുന്നു. നിശ്‌ചിത താപനിലയിൽ കുറഞ്ഞാൽ മീൻ ചീയും. ചീഞ്ഞ മീൻ രോഗങ്ങൾ വരുത്തും, ഭക്ഷ്യയോഗ്യവുമല്ല.

എത്ര ബലമുള്ള ഉരുക്കു ചങ്ങലയായാലും അത് പൊട്ടുന്ന ഒരിടമുണ്ട്: അത്, ചങ്ങലയിലെ ഏറ്റവും ബലഹീനമായ കണ്ണിയായിരിക്കും. ഈ cold chain-ലെ ബലക്കുറവുള്ള കണ്ണി അന്വേഷിച്ചു കണ്ടെത്തി പരിഹാര നടപടികൾ കൈക്കൊള്ളണം.

ട്രോളിംഗ് നിരോധിച്ച സമയത്ത് അന്യ സംസ്ഥാനത്തു നിന്നും വൻ തോതിൽ മൽസ്യം കേരളത്തിൽ വരുന്നുണ്ട്, പലപ്പോഴും cold chain നില നിർത്താത്തതിനാൽ അവ കടയിൽ എത്തുമ്പോഴേക്കും അഴുകിത്തുടങ്ങിയിരിക്കും.

ചീഞ്ഞ മീൻ വിൽക്കുന്നു എന്നു ശ്രദ്ധയിൽ പെട്ടാൽ മിണ്ടാതിരിക്കരുത്. നമ്മുടെ പൗരന്മാർ പ്രതികരിക്കണം, 1800 425 1125 എന്ന Food safety toll free നമ്പറിൽ വിളിച്ചു പരാതിപ്പെടണം. അല്ലാതെ കമ്പോളത്തിൽ മീൻ വിൽക്കുന്നവരുടെ മനസാക്ഷിക്ക് അപ്പീലു കൊടുത്തതു കൊണ്ട് ഒരത്ഭുതവും ഇവിടെ നടക്കാൻ പോകുന്നില്ല.

ബോധവത്കരണത്തിന് പരിമിതികളുണ്ട്. നമ്മുടെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുക്കാറില്ലേ? ഇതൊന്നും വില്കുന്നവർക്കറിയാത്തതു കൊണ്ടല്ല. ശിക്ഷ ലഭിക്കും എന്ന ഭയമില്ലാത്തതു കൊണ്ടാണ്. പൊതുജനം ഉണരേണ്ടിയിരിക്കുന്നു, ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു, പരാതികൾ യഥാസമയം കൊടുക്കേണ്ടിയിരിക്കുന്നു, ചുകപ്പ് നാടയിൽ കുരുങ്ങാതെ തുടർനടപടികൾ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.

പാളയം മാർക്കറ്റിൽ നിത്യവും വിൽക്കുന്ന 20% മൽസ്യം പഴകിയതാണെന്ന് അവിടത്തെ വ്യാപാരി തന്നെ ചർച്ചയിൽ പറയുന്നു, എന്നിട്ടും അതൊരു തെറ്റല്ല എന്ന മട്ടിലാണ് പിന്നീടത്തെ വാദങ്ങൾ.

എന്തൊക്കെ ന്യായീകരണങ്ങൾ ഉണ്ടായാലും തെറ്റ് തെറ്റു തന്നെയാണ്. ഈ വിഷയത്തിൽ പ്രധാനി, മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവരോ, മീൻ സംഭരിക്കുന്ന വ്യവസായിയോ, വിൽക്കുന്ന ആളോ, സർക്കാരോ നിയമപാലകരോ അല്ല ; ഗുണനിലവാരമുള്ളതാണെന്നു വിശ്വസിച്ചു കടയിൽ നിന്നും മീൻ വാങ്ങുന്ന പാവം customer (ഉപഭോക്താവ്) ആണ്.

ഉപഭോക്താവിനെ ബോധപൂർവം പറ്റിക്കുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. നമ്മുടെ രാജ്യത്ത് ഏതു പൗരനും സുരക്ഷിതമായ ഭക്ഷണം ലഭിക്കാനുള്ള മൗലിക അവകാശമുണ്ട്. Food Safety and Standards Act 2006 പ്രകാരം.

വിദേശ രാജ്യങ്ങളിലെ quality and law enforcement നാം അപ്പാടെ അംഗീകരിക്കുന്നത് പോലെ, നമ്മുടെ നാട്ടിലും നിയമം നടപ്പാക്കാൻ എല്ലാവരും മുൻകൈയെടുക്കണം, പ്രത്യേകിച്ചും പൊതുജനങ്ങളും food safety ഡിപ്പാർട്മെന്റും. അല്ലെങ്കിൽ എല്ലാ വർഷവും ഏതു പോലെയുള്ള ചർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കും.

പിന്നെ, കഴിഞ്ഞ വര്ഷം വരെ നമ്മൾ കേട്ടിരുന്ന ഫോർമാലിൻ പ്രശ്നം ഭാഗ്യവശാൽ ഈ വര്ഷം കേരളത്തിലെ മൽസ്യവിപണിയിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന, ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്ന രാസപദാര്ഥമാണ് ഫോർമാലിൻ എന്നോർക്കണം. ഏതായാലും ഈ നേട്ടത്തിൽ നമ്മുടെ food safety department ഉദ്യോഗസ്ഥരുടെ നിരന്തരമായ ഇടപെടലിന്റെ പങ്കു ചെറുതല്ല.

പഴകിയ മൽസ്യം എങ്ങിനെ തിരിച്ചറിയാം?

1. കടുത്ത ഗന്ധം.
2. കണ്ണുകൾ മങ്ങിയിരിക്കും. പച്ചമീനിന്റെ കണ്ണുകൾ ഗ്ലാസ് പോലെ സുതാര്യമായിരിക്കും.
3. ചികള (gills) ചുകപ്പ് നഷ്ടപ്പെട്ട് ഇരുണ്ടിരിക്കും
4. ദശയിൽ തൊട്ടാൽ എളുപ്പം അമങ്ങുന്നത് ചീഞ്ഞ മീനിന്റെ ലക്ഷണമാണ്
5. വലിയ മീനുകൾ പെട്ടെന്ന് ചീയും: നെയ്മീൻ, ചൂര, കേര മുതലായവ. പാളയത്ത് പിടിച്ചെടുത്തതും ഇതാണ്.
6. പ്രത്യേകിച്ചും വലിയ മീനാണെങ്കിൽ, വാലും ചിറകും പരിശോധിക്കാൻ മറക്കരുത്, പഴക്കം അറിയാൻ മറ്റൊരു വഴിയാണിത്.

Food safety helpline: 1800 425 1125

ഡോ. രാജീവ് ജയദേവൻ
President elect, IMA Cochin

.

Read more at: https://www.manoramanews.com/daily-programs/counterpoint/2019/07/08/decayed-fish-found-from-different-markets.html

Latest Publications
Profile
dr rajeev jayadevan

Dr Rajeev Jayadevan completed his MBBS and MD General Medicine with top honors from Christian Medical College (CMC) Vellore in 1995. He received training in Clinical Epidemiology and Public Health from Erasmus University, Rotterdam, Netherlands.
He has extensive international experience of performing over 19,000 endoscopies. He was awarded MRCP (UK) from England in 1996. He obtained Board Certification in Medicine and Gastroenterology (Fellowship) from New York Medical College, and spent 3 years in the UK and 10 years in the US before returning to his hometown of Kochi. He established the department of Gastroenterology at Sunrise Hospital Cochin.

read more